ന്യൂയോർക്: ഗൂഗിളിനെതിരായ പരാതിയിൽ വനിത ഉദ്യോഗസ്ഥർക്ക് 118 ദശലക്ഷം ഡോളർ നൽകി ഒത്തുതീർപ്പാക്കി.ലിംഗവിവേചനം കാണിച്ചുവെന്ന വനിത ജീവനക്കാരുടെ പരാതിയാണ് 118 ദശലക്ഷം ഡോളർ(ഏകദേശം 9,224,862,400 രൂപ) നൽകി ഗൂഗ്ൾ ഒത്തുതീർപ്പാക്കിയത്. അതേസമയം വിവേചനം കാണിച്ചുവെന്ന് കുറ്റസമ്മതം നടത്താൻ ഗൂഗ്ൾ തയാറായില്ല.2013 മുതൽ ഗൂഗ്ളിന്റെ കാലിഫോർണിയ ഓഫിസിൽ ജോലി ചെയ്തിരുന്ന 15,500 വനിത ജീവനക്കാർക്കാണ് പണം നൽകിയത്. 2017 ൽ വനിത ജീവനക്കാർ സാൻഫ്രാൻസിസ്കോ കോടതിയിൽ വിവേചനം സംബന്ധിച്ച് പരാതി നൽകുകയായിരുന്നു. വനിത ജീവനക്കാർക്ക് പുരുഷ ജീവനക്കാർക്ക് തുല്യ വേതനം നൽകുന്നില്ലെന്നും അവരെ ഉയർന്ന തസ്തികകളിൽ നിയമിക്കുന്നില്ലെന്നുമായിരുന്നു ഗൂഗ്ളിനെതിരായ പരാതി.