News Nineteen
To be known...To be said

ബിജെപി – യുവമോർച്ച നേതാവിനെ രണ്ടംഗസംഘം വെട്ടിക്കൊലപ്പെടുത്തി

0

സുള്ള്യ : ദക്ഷിണ കന്നഡയിൽ ബിജെപി – യുവമോർച്ച നേതാവിനെ രണ്ടംഗസംഘം വെട്ടിക്കൊലപ്പെടുത്തി. ബെല്ലാരെയ്ക്ക് സമീപം നെട്ടാരുവിൽ ചൊവ്വാഴ്‌ച (ജൂലൈ 26) നടന്ന ആക്രമണത്തിൽ ബിജെപി – യുവമോർച്ച നേതാവ് പ്രവീൺ ആണ് (32) കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ബെല്ലാരെ പൊലീസ് അറിയിച്ചു.

ചൊവ്വാഴ്‌ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ബിജെപി യുവനേതാവും കോഴിക്കട ഉടമയുമായ പ്രവീണിനെ ബൈക്കിലെത്തിയ രണ്ട് അക്രമികൾ ചേർന്ന് മൂർച്ചയേറിയ ആയുധങ്ങളുപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ഇവര്‍ കടന്നുകളഞ്ഞു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണം സംഭവിച്ചത്.

അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ആക്രമണത്തിന്‍റെ ഉദ്ദേശ്യം എന്താണെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. സംഭവസ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥര്‍ അക്രമികൾക്കായി തിരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ട്.

അപലപിച്ച് മുഖ്യമന്ത്രി : അതേസമയം പാർട്ടി പ്രവർത്തകന്‍റെ കൊലപാതകം അപലപനീയമാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ട്വീറ്റ് ചെയ്‌തു. ഇത്തരമൊരു ഹീനകൃത്യം നടത്തിയവരെ ഉടൻ പിടികൂടി നിയമപ്രകാരം ശിക്ഷയ്‌ക്ക് വിധേയരാക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Leave A Reply

Your email address will not be published.