സൗദി അറേബ്യയെ ‘അപമാനിക്കുന്ന’ ട്വീറ്റ്; കുവൈത്തി ആക്ടിവിസ്റ്റിന് അഞ്ച് വര്‍ഷം തടവ്; അപലപിച്ച് മനുഷ്യാവകാശ സംഘടനകള്‍
കുവൈത്ത് സിറ്റി: ആക്ടിവിസ്റ്റിന് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്തി കോടതി. സൗദി അറേബ്യയെ ‘അപമാനിക്കുന്ന’ തരത്തില്‍ ട്വീറ്റ് ചെയ്തു എന്ന കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
സല്മാന് അല്‍- ഖാലിദി എന്ന 23കാരനെയാണ് കുവൈത്തി ഹൈക്കോടതി ശിക്ഷിച്ചിരിക്കുന്നത്.
ജനീവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യൂറോ- മെഡ് ഹ്യൂമന്‍ റൈറ്റ്സ് മോണിറ്ററാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
‘സൗദി അറേബ്യന്‍ ഭരണകൂടത്തെ അപമാനിച്ചു, തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു,’ എന്നിങ്ങനെയായിരുന്നു ഖാലിദിക്കെതിരായ ആരോപണങ്ങള്‍. ശിക്ഷ വിധിക്കുന്ന സമയത്ത് ഖാലിദിയെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.തനിക്കെതിരായ കോടതി വിധി മനുഷ്യാവകാശ ലംഘനമാണെന്ന് സല്മാന് അല്‍- ഖാലിദി പ്രതികരിച്ചു. ”ഈ കോടതി വിധി എനിക്കെതിരായ അനീതിയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ മൂല്യങ്ങളെ ലംഘിക്കുന്നതാണ് ഈ വിധി,” അദ്ദേഹം പറഞ്ഞു.
ഒരു ഇന്‍വെന്റര്‍ എന്ന രീതിയില്‍ 46 അന്താരാഷ്ട്ര മത്സരങ്ങളില്‍ കുവൈത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ളയാളാണ് താനെന്നും സല്മാന് അല്‍- ഖാലിദി കൂട്ടിച്ചേര്‍ത്തു.നേരത്തെ, തന്റെ ജീവന് അപകടത്തിലാണെന്ന് ചൊവ്വാഴ്ച ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ സന്ദേശത്തില്‍ ഖാലിദി പറഞ്ഞിരുന്നു. കോടതി വിധിക്ക് പിന്നാലെ താന്‍ അപകടത്തിലാണെന്ന് തോന്നിയെന്നും കുവൈത്ത് വിട്ട് ഖത്തറിലേക്ക് കടന്നെന്നുമായിരുന്നു വീഡിയോയില്‍ പറഞ്ഞത്.കുവൈത്തിലെ 1960 പീനല്‍ കോഡ് പ്രകാരം തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്ന ആക്ടിവിസ്റ്റുകളെ വിചാരണ ചെയ്യാനും ശിക്ഷിക്കാനുമുള്ള വിശാലമായ അധികാരം കുവൈത്തി അധികൃതര്‍ക്ക് നല്‍കുന്നുണ്ട്.
2015ലാണ് കുവൈത്ത് സൗബര്‍ ക്രൈം നിയമം പാസാക്കിയത്.
സൗദിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും തന്നെ തടഞ്ഞതിനെ വിമര്‍ശിച്ച് കൊണ്ടായിരുന്നു ഖാലിദി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. 2021 ഡിസംബറിലായിരുന്നു സംഭവം. സൗദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗ്ജിയെക്കുറിച്ചും ട്വീറ്റില്‍ പരാമര്‍ശിച്ചിരുന്നു.
തന്നെ 25 വര്‍ഷത്തേക്ക് സൗദിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും നിരോധിച്ച അധികൃതരെ വിമര്‍ശിച്ച് കൊണ്ടായിരുന്നു ഖാലിദിയുടെ വീഡിയോ.
ഖാലിദിക്കെതിരായ കോടതി വിധിയില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. വിവിധ മനുഷ്യാവകാശ സംഘടനകളാണ് വിധിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. കോടതി വിധി പുനപരിശോധിക്കണമെന്ന് യൂറോ- മെഡ് മോണിറ്റര്‍ ആവശ്യപ്പെട്ടു.
ഖാലിദിയുടെ ട്വിറ്റര്‍ ഫീഡ് തങ്ങള്‍ പരിശോധിച്ചെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ മാത്രം വരുന്ന ട്വീറ്റുകളാണ് അതിലുള്ളതെന്നും യൂറോ- മെഡ് വ്യക്തമാക്കി. കുവൈത്തിലെയും മറ്റ് രാജ്യങ്ങളിലെയും അധികൃതര്‍ക്കെതിരെ നിയമവിധേയമായ വിമര്‍ശനം മാത്രമാണ് ഖാലിദി നടത്തിയതെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണ് കോടതി വിധിയെന്നും ഖാലിദിയുടെ അസാന്നിധ്യത്തിലാണ് ശിക്ഷ വിധിച്ചതെന്നും മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.