‘അളിയാ വാ’ എന്ന് പറഞ്ഞ് ക്യൂവിലേക്ക് പിടിച്ച് നിര്‍ത്തി, പിന്നെയാണ് ധ്രുവന് അറിയുന്നത് ഞാനാണ് സംവിധായകനെന്ന്: ഡിജോ ജോസ് ആന്റണി
ജന ഗണ മനയുടെ സംവിധാനത്തോടെ കേരളത്തിന് പുറത്തേക്കും ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ഡിജോ ജോസ് ആന്റണി. രണ്ടാമത്തെ ചിത്രത്തോടെ തന്നെ 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ഡിജോയുടെ ആദ്യത്തെ ചിത്രം പുതുമുഖങ്ങളെ അണിനിരത്തിയുള്ള ക്വീനായിരുന്നു. ക്വീനിലെ നായകനായിരുന്ന ധ്രുവനെ ആദ്യമായി പരിചയപ്പെട്ട അനുഭവം പങ്കുവെക്കുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തില്‍ ഡിജോ.
‘ഏഞ്ചല്‍സ് എന്ന ചിത്രത്തില്‍ ഞാന്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിട്ടുണ്ട്. അതിന്റെ ഡയറക്ഷന്‍ ടീമില്‍ നമ്മുടെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു. അവള് ചെയ്യുന്ന ഒരു ഷോര്‍ട്ട് ഫിലിമില്‍ എന്നെ അഭിനയിക്കാന്‍ വിളിച്ചു. ഞാന്‍ സമ്മതിച്ചു. ഞാന്‍ വില്ലനായിരുന്നു, നായകനായിട്ട് വന്നയാളാണ് ധ്രുവന്. അങ്ങനെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്.
അവന് നേരത്തെ അഭിനയിച്ച ഗാങ്സ്റ്ററിലെ സീന്‍ ഒക്കെ എന്നെ കാണിച്ചുതന്നു. പക്ഷേ എന്തോ കാരണം കൊണ്ട് എനിക്ക് അത് ചെയ്യാന്‍ പറ്റിയില്ല, റിലീസും ആയില്ല. എന്നാല്‍ ഞങ്ങള്‍ അന്ന് നല്ല കമ്പനിയായി.
പിന്നെ ക്വീനിന്റെ ഓഡിഷന് സമയത്ത് ഞാന്‍ ഒരു ബാഗൊക്കെ തൂക്കി വരുകയാണ്. അവിടെ വലിയ ലൈന്‍ ഉണ്ട്. അസിസ്റ്റന്റ് ഡയറക്ടേഴ്സിന്റെ അടുത്തേക്ക് ചോദിക്കാന്‍ പോകുമ്പോള്‍ ആ ലൈനില്‍ നിന്ന് ധ്രുവന് അളിയാ ഇങ്ങ് വാ, എന്ന് വിളിച്ചു. ഞാന്‍ കൈ പൊക്കി കാണിച്ചു. നീ ഇങ്ങ് വാന്നേ, എന്റെ ഫ്രണ്ടില്‍ നിന്നോളാന്‍ പറഞ്ഞു. കുഴപ്പവില്ലെടാന്ന് പറഞ്ഞ് ഞാന്‍ പതുക്കെ അങ്ങ് മാറി. പിന്നെ ഞാന്‍ അവനെ കണ്ടില്ല.
ഉച്ചയായപ്പോള്‍ ഞാന്‍ പുറത്തേക്ക് ഇറങ്ങി. അപ്പോഴേക്കും ഇവന് എന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു, ബ്രോ ഒന്നും തോന്നരുത് എനിക്ക് അറിയില്ലായിരുന്നു താങ്കളാണ് സംവിധായകനെന്ന്. ഞാനപ്പോള്‍ ചിരിയോട് ചിരി. പക്ഷേ ഞാനല്ല അവനെ ഓഡീഷന് ചെയ്തത്. വേറൊരു ടീമായിരുന്നു,’ ഡിജോ പറഞ്ഞു.